‘നിങ്ങളെ മിസ് ചെയ്യും, സിദ്ദിഖ് സർ’; അനുസ്മരിച്ച് നടി കരീന കപൂർ
text_fieldsമലയാള സിനിമാ സംവിധായക നിരയിലെ സൂപ്പർസ്റ്റാറായ സിദ്ദീഖിനെ അനുസ്മരിച്ച് ബോളിവുഡ് താരം കരീന കപൂർ. സൽമാൻ ഖാനും കരീനക്കും വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘ബോഡി ഗാർഡ്’. ദിലീപ് നായകനായ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 2011-ൽ 250 കോടിയിലേറെയായിരുന്നു ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. തുടർന്ന് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് ചിത്രം ചരിത്ര വിജയം നേടിയിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കരീന കപൂർ സിദ്ദിഖിനെ അനുസ്മരിച്ചത്. ‘‘എപ്പോഴും നിങ്ങളെ ഇതുപോലെ ഓർക്കും, ഒരു പുഞ്ചിരിയോടെ. നിങ്ങളെ മിസ് ചെയ്യും, സിദ്ദിഖ് സർ’’ - കരീന കപൂർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
മലയാളം പതിപ്പിനേക്കാൾ വലിയ വിജയമായിരുന്നു ‘ബോഡി ഗാർഡിന്’ മറ്റു ഭാഷകളിൽ ലഭിച്ചത്. തുടർ പരാജയങ്ങൾ കാരണം വലഞ്ഞ, സൽമാൻ ഖാന് വമ്പൻ തിരിച്ചുവരവായിരുന്നു ‘ബോഡി ഗാർഡ്’ നൽകിയത്. കരീന കപൂറിന്റെ ബോളിവുഡ് താരറാണിയായുള്ള തിരിച്ചുവരവിനും സിദ്ദിഖ് ചിത്രം കാരണമായി. ‘തേരി മേരി’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം അക്കാലത്ത് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
തമിഴിൽ വിജയും അസിനും പ്രധാന കഥാപാത്രമായി ‘കാവലൻ’ എന്ന പേരിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. അടിപ്പടങ്ങൾ മാത്രം ചെയ്തിരുന്ന ഇളയതളപതിയുടെ വ്യത്യസ്തമായ വേഷം ഏവരും ഏറ്റെടുക്കുകയും ചെയ്തു.
നടന്‍ ദുല്‍ഖര്‍ സല്‍മാനും സിദ്ദിഖിനെ അനുസ്മരിച്ചുള്ള കുറിപ്പുമായി എത്തി. സിദ്ദിഖിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് നടൻ കുറിച്ചു. 'ഏറ്റവും സൗമ്യമായ വ്യക്തി. പ്രതിഭാധനനായ ഒരു സംവിധായകന്‍/ എഴുത്തുകാരന്‍. ഏറ്റവും മികച്ച ചില സിനിമകള്‍ അദ്ദേഹം നമുക്ക് നല്‍കി. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. സിദ്ദിഖ് സാറിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥന' എന്നാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

