'നീ മുന്നേറുന്ന വഴികൾ കാണുമ്പോൾ സന്തോഷം തോന്നുന്നു'; മകൾ സാറക്ക് പിറന്നാൾ ആശംസയുമായി സച്ചിൻ ടെണ്ടുൽക്കർ
text_fieldsഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ തന്റെ 29-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒക്ടോബർ 12-ന് പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് ആശംസകൾ നേർന്ന് സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ചുതന്നുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോൾ അളവറ്റ സന്തോഷമാണ് എനിക്ക് തോന്നുന്നത്. ജന്മദിനാശംസകൾ സാറ, ഒരുപാട് സ്നേഹം," എന്നാണ് സച്ചിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സാറയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സച്ചിന്റെ ഈ ലളിതവും എന്നാൽ സ്നേഹ സ്പർശിയുമായ വാക്കുകൾ ചുരുങ്ങിയ സമയംകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
സച്ചിന്റെ മകൾ എന്ന മേൽവിലാസത്തിനപ്പുറം സ്വന്തം കരിയറിലും വ്യക്തിജീവിതത്തിലും തന്റേതായ ഇടം കണ്ടെത്താൻ സാറക്ക് കഴിഞ്ഞിട്ടുണ്ട്. ബയോമെഡിക്കൽ സയന്റിസ്റ്റും ന്യൂട്രീഷ്യനിസ്റ്റുമായ സാറ, സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാളായി ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. ഇതിനുപുറമെ ഫിറ്റ്നസ് രംഗത്തുള്ള താല്പര്യം കാരണം 'പിലാറ്റസ് അക്കാദമി എക്സ് സാറ ടെണ്ടുൽക്കർ' എന്ന സംരംഭത്തിനും അവർ തുടക്കമിട്ടിട്ടുണ്ട്.
വ്യക്തിജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം തന്നെ സാറയുടെ ഫാഷൻ സ്റ്റൈലും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ നടന്ന ഗണേശോത്സവ വേളയിൽ സാറ ധരിച്ച പരമ്പരാഗത ടർക്കോയ്സ് നിറത്തിലുള്ള സാരി സമൂഹമാധ്യമങ്ങളുടെ വലിയ രീതിയിലുള്ള പ്രശംസ നേടിയിരുന്നു. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളാൽ അനുഗ്രഹീതയായി സ്വന്തം കരിയറിൽ വിജയം കൊയ്യുന്ന സാറയുടെ ഈ പിറന്നാൾ ദിനം ആരാധകരും ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

