'ഫോണിൽ ഒരു ചിത്രം പോലും പകർത്തിയിട്ടില്ല, എന്നിട്ടും ഷാറൂഖിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു'; വെളിപ്പെടുത്തി ഫറ ഖാന്‍റെ പാചകക്കാരൻ
text_fieldsഫറാ ഖാൻ, ദിലീപ്
നടൻ ഷാരൂഖ് ഖാനൊപ്പം തന്‍റെ പാചകക്കാരനായ ദിലീപ് പരസ്യ ചിത്രത്തിൽ അഭിനയിച്ച വിവരം രസകരമായി വെളിപ്പെടുത്തി ഫറ ഖാൻ. സെലിബ്രിറ്റി മാസ്റ്റർഷെഫ് വിജയിയായ ടെലിവിഷൻ താരം ഗൗരവ് ഖന്നയെ ആയിരുന്നു ഫറ ഖാൻ തന്‍റെ കുക്കിങ് പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ചത്. പരിപാടിയിൽ ദിലീപുമായി ചേർന്ന് പനീർ ബിരിയാണി പാകം ചെയ്യുന്നതിനിടെയാണ് ദിലീപ് അടുത്തിടെ ഷാരൂഖ് ഖാനൊപ്പം പരസ്യത്തിൽ അഭിനയിച്ചെന്ന വിവരം ഫറ ഖാൻ വെളിപ്പെടുത്തിയത്.
'സുഹൃത്തുക്കളെ, ദിലീപ് അടുത്തിടെ ഒരു പരസ്യത്തിൽ അഭിനയിച്ചു എന്ന് നിങ്ങളെ അറിയിക്കട്ടെ..., ഞാനായിരുന്നു അതിൽ അഭിനയിക്കേണ്ടത്. പക്ഷേ അവസാന നിമിഷം, അവർ പരസ്യത്തിന് എനിക്ക് പകരം ദിലീപിനെ കൊണ്ടുവരേണ്ടിവരുമെന്ന് പറഞ്ഞു. ആരുടെ കൂടെയാണ് പരസ്യചിത്രം ഷൂട്ട് ചെയ്തതെന്ന് ഊഹിക്കാമോ? ഷാരൂഖ് ഖാനൊപ്പം' -ഫറ ഖാൻ പറഞ്ഞു.
ഇതുകേട്ട ഗൗരവ് ഖന്ന കൗതുകത്തോടെ, എന്ത് തോന്നുന്നു എന്നും ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും കരുതിയിരുന്നോ എന്നും ചോദിച്ചു. 'ഒരിക്കലും ഇല്ലെന്നായിരുന്നു ദിലീപിന്‍റെ മറുപടി. ഇതുവരെ തന്റെ ഫോണിൽ ഒരു ചിത്രം പോലും പകർത്തിയിട്ടില്ല, അങ്ങനെയുള്ള തന്നെയാണ് ഫറ ഖാൻ പരസ്യത്തിൽ അഭിനയിക്കാനായി കൊണ്ടുപോയത് എന്നും ദിലീപ് പറഞ്ഞു.

