ആ സന്ദേശങ്ങൾ വേദനിപ്പിച്ചു; പിതാവിന്റെ ഓർമചിത്രങ്ങൾ പങ്കുവെക്കാത്തതിന്റെ കാരണം പറഞ്ഞ് ഇർഫാൻ ഖാന്റെ മകൻ
text_fieldsപിതാവിനോടൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ തന്റെ ഫോളോവേഴ്സിനായി പങ്കുവെക്കുന്ന പതിവുണ്ടായിരുന്നു നടൻ ഇർഫാൻ ഖാന്റെ മകനായ ബാബിൽ ഖാന്. എന്നാൽ അടുത്ത കാലത്തായി പിതാവിന്റെ ഓർമകൾ നിറയുന്ന പോസ്റ്റുകൾ പങ്കുെവക്കുന്നത് വളരെ വിരളമായി. ഇതിന്റെ കാരണം സങ്കടപ്പെടകരമാണെന്നാണ് ബാബിൽ പറയുന്നത്.
എന്തുകൊണ്ടാണ് പിതാവിനോടൊത്തുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാത്തതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ബാബിലിന്റെ മറുപടി.
'പിതാവിനോടൊത്തുള്ള ഓർമകൾ പങ്കുവെക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. എന്നാൽ എന്റെ ഉന്നതിക്കായി അേദഹത്തെ ഉപയോഗിക്കുന്നുവെന്ന് ചിലർ ആക്ഷേപം ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആരാധകരിൽ അവശേഷിപ്പിച്ച ശൂന്യത നികത്താൻ ഞാൻ ആത്മാർഥമായി ഓർമകൾ പങ്കിടുമ്പോൾ ഇത്തരം സന്ദേശങ്ങൾ ശരിക്കും വേദനിപ്പിച്ചു. അതിനാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ് ഞാൻ'-ബാബിൽ എഴുതി.
'ഞാൻ മനസിലാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ആളുകളുടെ സന്ദേശം ശരിക്കും വേദനിപ്പിക്കുന്നു. ഞാൻ ഉന്നതിക്കായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്ന്. ഞാൻ അദ്ദേഹത്തിന്റെ മകനാണ്. എന്തെങ്കിലും നേടാനായി എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഉള്ളത് പറയേട്ട ഇപ്പോൾ ഞാൻ അൽപം വേദനയിലും പരിഭ്രാന്തിയിലുമാണ്. അതിനാൽ ശരിയായ സമയമാണെന്ന് തോന്നുമ്പോൾ ഞാൻ ഇനി പോസ്റ്റുകൾ ഇടും' -ബാബിൽ വ്യക്തമാക്കി.
പിതാവിന്റെ വഴിയേ തന്നെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ബാബിൽ. നെറ്റ്ഫ്ലിക്സ് സിനിമയായ 'ഖാല'യിലൂടെയാണ് ബാബിൽ അരങ്ങേറുന്നത്. നടി അനുഷ്ക ശര്മ നിർമിക്കുന്ന ചിത്രം അന്വിത ദത്ത് ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്. ബുൾബുൾ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ തൃപ്തി ദിമ്മറിയാണ് നായികയായി എത്തുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിൽ 29നായിരുന്നു മരിച്ചത്. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സുദപ സിക്ദറായിരുന്നു ഭാര്യ. ബാബിലിനെ കൂടാതെ അയാൻ എന്ന മകൻ കൂടിയുണ്ട്.

