Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിരുദ്ധ്, കാവ്യ മാരൻ വിവാഹം; പ്രധാനമന്ത്രിക്കും വിജയ്ക്കും ക്ഷണം, ചടങ്ങുകൾ ഗ്രീസിൽ

text_fields
bookmark_border
അനിരുദ്ധ്, കാവ്യ മാരൻ വിവാഹം; പ്രധാനമന്ത്രിക്കും വിജയ്ക്കും ക്ഷണം, ചടങ്ങുകൾ ഗ്രീസിൽ
cancel

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടി.വി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളുമായ കാവ്യ മാരനും വിവാഹിതരാകുന്നു. നവംബർ 11-ന് ഗ്രീസിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്ന് സൽക്കാരത്തിലേക്ക് പ്രമുഖരെ ക്ഷണിക്കുന്നതിന്റെ ഭാഗമായി, സൺ ടി.വി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അനിരുദ്ധും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയനെയും നേരിൽ കണ്ട് ക്ഷണക്കത്ത് കൈമാറി. ഇതിന്റെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സൺ ടി.വിയുടെ ഔദ്യോഗിക വാർത്താ ശൃംഖലയായ 'സൺ ന്യൂസ്' ആണ് ഇതുസംബന്ധിച്ച ചിത്രങ്ങൾ എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. നവംബർ 21-ന് ചെന്നൈയിലാണ് വിവാഹ സൽക്കാരം നടക്കുന്നത്. പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘത്തിൽ കലാനിധി മാരനും കാവ്യയുടെ മാതാപിതാക്കളായ ലക്ഷ്മി, രവിചന്ദർ എന്നിവരും ഉൾപ്പെട്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയനെ സന്ദർശിച്ച വേളയിൽ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും നേരിട്ട് സന്നിഹിതരായിരുന്നു.

നേരത്തെ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ ഹൈദരാബാദിലെ ഔദ്യോഗിക വസതിയിൽ വെച്ച് കലാനിധിയും ഭാര്യ കാവേരി മാരനും സന്ദർശിച്ചിരുന്നു. നവംബർ 21-ലെ വിവാഹ സൽക്കാരത്തിന് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സിനിമാ ലോകത്തും മാധ്യമങ്ങളിലും സജീവമായിരുന്നു. 2025-ൽ ആദ്യമായി ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ അനിരുദ്ധ് ഇത് തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ 2026 ജൂണിൽ അനിരുദ്ധ് രവിചന്ദറിന്റെ അമ്മാവനും നടനുമായ വൈ.ജി മഹേന്ദ്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും വിവാഹം ഉറപ്പാണെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത സ്ഥിരീകരിക്കപ്പെട്ടത്.

തമിഴ് സിനിമാ ലോകത്തെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. 'ലിയോ', 'ജയിലർ', 'വേട്ടയ്യൻ', 'കൂലി' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ സൺ ടി.വി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ഫ്രാഞ്ചൈസിയായ 'സൺറൈസേഴ്സ് ഹൈദരാബാദ്' (SRH) ടീമിന്റെ ഉടമസ്ഥരിലൊരാളും കൂടിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - അനിരുദ്ധ്, കാവ്യ മാരൻ വിവാഹം; പ്രധാനമന്ത്രിക്കും വിജയ്ക്കും ക്ഷണം, ചടങ്ങുകൾ ഗ്രീസിൽ
Next Story