ക്ലാസിക്ക് സിനിമകൾ അങ്ങനെ തന്നെ നിൽക്കട്ടെ റിമേക്ക് ചെയ്യാൻ താത്പര്യമില്ല-റഹ്മാൻ
text_fieldsപഴയ കാലത്തെ ക്ലാസിക്ക് ചിത്രങ്ങൾ റിമേക്ക് ചെയ്യുന്ന രീതി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. എന്നാൽ അത്തരത്തിൽ ക്ലാസിക് സിനിമകൾ റീമേക്ക് ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് പറയുകയാണ് നടൻ റഹ്മാൻ. കരിയറിലെ ഏതെങ്കിലും ചിത്രങ്ങൾ റീ വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് റീമേക്കുകളോടുള്ള തന്റെ വിയോജിപ്പ് റഹ്മാൻ തുറന്നു പറഞ്ഞത്.
ചില ക്ലാസിക് ചിത്രങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നതാണ് നല്ലതെന്നും അവ മറ്റൊരാളാൽ പുനർനിർമ്മിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും റഹ്മാൻ ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ചില ക്ലാസിക് സിനിമകൾ നമ്മൾ ചെയ്തിട്ട് അത് മറ്റൊരാളെക്കൊണ്ട് റീമേക്ക് ചെയ്യിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചില ക്ലാസിക്ക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം എന്ന് ചിന്തിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ റീ വിസിറ്റ് ചെയ്യുക എന്ന് പറയുമ്പോൾ എന്റെ പഴയ കഥാപാത്രങ്ങളുടെ ആ പ്രായത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചെത്താൻ സാധിക്കില്ലല്ലോ,' റഹ്മാൻ പറഞ്ഞു.
നടന്‍ റഹ്‌മാന്‍ ഭാഗമാകുന്ന ആദ്യ സീരീസ് '1000 ബേബീസ്'ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസാണ് '1000 ബേബീസ്'.

