'ടൂൾ കിറ്റ്'
text_fieldsരണ്ടറ്റം പിടിച്ച് വളച്ചാൽ
വില്ലായി മാറുന്ന നാക്കുവടിയന്ത്രം,
പുറം ചൊറി മാറ്റിത്തരാറുള്ള
ഒരു നീളൻ ചീർപ്പ്,
ഏമാന്മാർ മഹസ്സർ എഴുതിക്കൊണ്ടേയിരുന്നു.
കൃപാണത്തിൽ ചുറ്റാനുള്ള
അരമീറ്റർ ചരട്,
തേച്ച് തളർന്ന ഒരു ബ്രഷ്...
സമരച്ചൂടിൽ സാറ് പിഴുതെടുത്ത അഞ്ചാറ് നീണ്ട മീശ രോമങ്ങൾ...
ബൂട്ട് മുത്തമിട്ടപ്പോൾ
കൂടെപ്പോയ മുൻ വരിയിലെ
മൂന്ന് പല്ലുകൾ,
കിറ്റിൽ നിന്നും ആയുധങ്ങൾ
കുതറിത്തെറിച്ച് ചിതറി വീണു.
ഉള്ളിലെ അറയിൽ ഒരു ചെറു പൊതി,
കണ്ണുതള്ളി പിറകോട്ടാഞ്ഞ്,
ഏമാൻ ഒന്നു മുരണ്ടു.
ജാഗ്രതയുടെ തോക്കിൻതുമ്പുകൾ
വൃദ്ധന്റെ ഇടനെഞ്ചിൽ അമർന്നിരുന്നു.
മെറ്റൽ ഡിറ്റക്ടർ നിശ്ശബ്ദമായി ചിരിച്ചുനിന്നു.
അഴിച്ച പൊതിയിൽ നിന്നും
ഒരുപിടി നെന്മണികൾ
ആകാശത്തെ നോക്കി പരുങ്ങി...
സമര നിരയുടെ അവസാന
വരിയിൽനിന്ന്
അയാളെ തൂക്കിയെടുക്കുമ്പോൾ
ആ 'ടൂൾ കിറ്റി'ൽ നിന്നും
ഒരു നെന്മണി
നാമ്പു പുറത്തേക്കിട്ട് അയാളെ നോക്കി വിതുമ്പുന്നുണ്ടായിരുന്നു...
