ബിഹാർ സ്വദേശികളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsകലേബ്, അഖില്‍കുമാര്‍, രാഹുൽമോൻ
കോട്ടയം: ബിഹാർ സ്വദേശികളായ യുവാക്കളെ ആക്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ വീട്ടിൽ എസ്. കലേബ് (22), പുതുപ്പള്ളി പട്ടാകുളം വീട്ടിൽ അഖില്‍കുമാര്‍ (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളം വീട്ടിൽ രാഹുൽമോൻ (23) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുതുപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചുകയറി അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു.
ബിഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദിച്ചപ്പോൾ അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും തുടർന്ന് ഇയാളെ പിന്തുടർന്ന് വന്ന ഇവർ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു.
കൂടാതെ അന്തർസംസ്ഥാന സ്വദേശിയായ യുവാവ് ജോലിചെയ്യുന്ന പുതുപ്പള്ളി ചാലുങ്കപ്പടിയിലെ സ്ഥാപനത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഈസ്റ്റ് പൊലീസ് ഇവരെ വിവിധയിടങ്ങളിൽനിന്നാണ് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, സി.പി.ഒമാരായ അജിത്, അജേഷ്, വിവേക് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കലേബും അഖിലും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്തു.

