യുവാവിനെ കുത്തിപ്പരിക്കേൽപിച്ച മൂന്നുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ വിഷ്ണു, ജിഷ്ണു, വൈഷ്ണവ്
കയ്പമംഗലം: ചാമക്കാല ചക്കുഞ്ഞി കോളനിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചക്കുഞ്ഞി കോളനിയിൽ താമസിക്കുന്ന ചക്കനാത്ത് വീട്ടിൽ ജിഷ്ണു (23), സഹോദരൻ വൈഷ്ണവ് (23), തുപ്രാടൻ വിഷ്ണു (27) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 11ഓടെയാണ് ചക്കുഞ്ഞി കോളനിയിൽ താമസക്കാരനായ ചാഴൂർ സ്വദേശി തറയിൽ വീട്ടിൽ നിഥാസിനെ കുത്തിപ്പരിക്കേൽപിച്ചത്. നടന്നുപോകുകയായിരുന്ന ഇയാളെ കോളനിയിലെ കിണറിനടുത്ത് തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നെഞ്ചിലും വയറ്റിലും കുത്തേറ്റ നിഥാസ് തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് മൂവരും. എസ്.ഐമാരായ എം.ആർ. കൃഷ്ണപ്രസാദ്, ഗോകുൽ, സി.പി.ഒമാരായ ആനന്ദ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

