യുവാവിനെ നഗ്നനാക്കി മർദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവർ അറസ്റ്റിൽ
text_fieldsഅഞ്ജു, അരുൺ, ആഷിക്, മേരി, ഷഹാന
കൊച്ചി: യുവാവിനെ നഗ്നനാക്കി മർദിച്ച് വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവർ അറസ്റ്റിൽ.
മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശ്ശി സ്വദേശി അഞ്ജു(28), സഹോദരി പാലാരിവട്ടം തുരുത്തുമ്മേൽ മേരി (22), മേരിയുടെ സുഹൃത്തുക്കളായ വെണ്ണല പൂത്തൊളിപറമ്പ് ആഷിക് (26), ഇയാളുടെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പിൽ അരുൺ (26) എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽവെച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹംനടിച്ച് പൊന്നാരിമംഗലത്തെ വാടകവീട്ടിൽ വിളിച്ചുവരുത്തിയത്. തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് മർദിച്ച് യുവാവിന്റെ നഗ്നവിഡിയോ ചിത്രീകരിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എ.ടി.എം കാർഡും കൈക്കലാക്കുകയും ചെയ്തു. വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ മൻജിത് ലാൽ, സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

