ക്ഷേത്രത്തിൽ മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുനാണ് (27) ഹരിപ്പാട് പൊലീസ് പിടിയിലായത്.
മാർച്ച് ഒന്നിന് കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് തൂക്കുവിളക്കുകൾ, പൂജാപത്രങ്ങൾ, നിലവിളക്കുകൾ, ചെറുവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്ക വഞ്ചിയിലെ പൈസ എന്നിവ മോഷ്ടിച്ചെന്നാണ് കേസ്. പ്രതിയെ മുട്ടം ഭാഗത്ത്നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന ജോലിക്കിടയിൽ താമസമില്ലാത്ത സ്ഥലങ്ങൾ നോക്കി അവിടെ രാത്രി മോഷണം നടത്തുന്നതാണ് രീതി.
സി.സി ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.എച്ച്.ഒ വി.എസ്. ശ്യാകുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ സി.പി.ഒമാരായ അരുൺകുമാർ, എ. നിഷാദ്, ഇയാസ്, മനുപ്രസന്നൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

