ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
text_fieldsജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു ശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം, വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ പൊലീസ് അന്വേഷണത്തിലാണ്.

