സ്കൂൾ പരിസരത്ത് ലഹരി വിൽപന: രണ്ടുപേർ അറസ്റ്റിൽ
text_fieldsസിദ്ദീഖ്, ശിവശങ്കർ
കൊച്ചി: സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തിയ രണ്ടു പേർ പിടിയിൽ. കാസർകോട് കുമ്പള പാറ വീട്ടിൽ സിദ്ദീഖ് (36), മലപ്പുറം വെങ്ങോട് തെക്കുംകൂട്ടിൽ വീട്ടിൽ ശിവശങ്കർ(30) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 750 പാക്കറ്റ് ഹാൻസ്, 70 പാക്കറ്റ് സിഗരറ്റ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
കൊച്ചി സിറ്റി പരിധിയിലെ സ്കൂളുകളിലെയും കോളജുകളിലെയും ലഹരി ഉപയോഗം തടയുന്നതിന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സേതുരാമന്റെ നിർദേശ പ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്റെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ബംഗളൂരു ഭാഗത്തുനിന്ന് ശേഖരിക്കുന്ന ലഹരി പദാർഥങ്ങൾ സ്വകാര്യ വാഹനത്തിൽ കൊച്ചിയിലെത്തിച്ച് വിൽകുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

