മംഗളൂരുവിൽ മലയാളി യുവാവിനുനേരെ വധശ്രമം; നാലുപേർ അറസ്റ്റിൽ
text_fieldsവധശ്രമത്തിൽ അറസ്റ്റിലായവർ
മംഗളൂരു: കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ ഉള്ളാൾ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഇഡിയ ഈശ്വർ നഗറിലെ ഹനുമന്തിന്റെ മകൻ അന്നപ്പ സ്വാമി എന്ന മനു (24), പഡിൽ ഭഗവതി നിലയത്തിൽ മഞ്ചുനാഥിന്റെ മകൻ കെ. സചിൻ (24), പജിർ കുംബ്രപ്പദവ് പഡൽകോടിയിൽ ചന്ദ്രശേഖറിന്റെ മകൻ കുഷിത് (18), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിന് ദേശീയപാത 66ലൂടെ കേരളത്തിലേക്ക് വരികയായിരുന്ന കാസർകോട് ബഡാജെ ഫാത്തിമ മൻസിലിൽ മുഹമ്മദ് ആസിഫിന്റെ (33) കാർ കെ.സി റോഡിനും ഉച്ചിലക്കും ഇടയിൽ തടഞ്ഞ് വധിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

