സദാചാര പൊലീസ് ചമഞ്ഞ് മർദനം; നാലുപേർ അറസ്റ്റിൽ
text_fieldsയുവാവിനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍
തിരുവനന്തപുരം: പുലർച്ച സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവാവിന് നാലംഗസംഘത്തിന്റെ മർദനം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ച 1.30 ഓടെ കളിപ്പാൻകുളം മല്ലിയിടത്തായിരുന്നു സംഭവം.
കന്യാകുളങ്ങര സ്വദേശിയായ അമലിനെ (20) റോഡരികിൽ മദ്യപിച്ചുകൊണ്ടിരുന്ന കളിപ്പാൻകുളം സൂര്യവിളാകത്ത് വീട്ടിൽ സജീവ് കുമാർ (37), സഹോദരൻ ശരത്ത് (38), ശ്രീകാര്യം പാങ്ങപ്പാറ അഞ്ജലിഭവനിൽ അഭിലാഷ് (34), നെടുങ്കാട് അഞ്ജുഭവനിൽ രാജേഷ് (49) എന്നിവർ തടഞ്ഞുനിർത്തി പുലർച്ചയുള്ള സഞ്ചാരത്തെ ചോദ്യം ചെയ്ത് ക്രൂരമായി മർദിക്കുകയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

