മേക്കപ്പ് ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമം: യുവതികളുടെ മൊഴിയെടുക്കൽ ആരംഭിച്ചു
text_fieldsകൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പരാതി നൽകിയ യുവതികളുടെ മൊഴിയെടുക്കൽ ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് മൊഴിയെടുക്കുന്നത്.
ലഭിച്ച അഞ്ച് പരാതികളിൽ നാലെണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് ആസ്ട്രേലിയയിലുള്ള യുവതി ഇ-മെയിൽ ആയി നൽകിയ പരാതിയിലും ഉടനെ കേസെടുക്കും.
യുവതിയുമായി പൊലീസ് ഇ-മെയിലിൽ ആശയവിനിമയം നടത്തി. ഒളിവിലുള്ള ഇയാൾ എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പാസ്പോർട്ട് വാഴക്കാലയിലെ ഫ്ലാറ്റിൽനിന്ന് പാലാരിവട്ടം പൊലീസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചളിക്കവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിലും തിരച്ചിൽ നടത്തി. മേക്കപ്പ് സ്റ്റുഡിയോയിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതികളിലുള്ളത്. യുവതികൾ നടത്തിയ 'മി ടൂ' ആരോപണത്തിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ചളിക്കവട്ടത്തെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ഒരു യുവതി പോസ്റ്റിട്ടതോടെ മറ്റു രണ്ടുപേർകൂടി സമാന വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

