കഞ്ചാവ് വിൽപനക്കാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു
text_fieldsഅൽഅമീൻ തസ്നീന ഷനൂബ്
പനമരം: പനമരത്ത് വിൽപനക്കെത്തിച്ച കഞ്ചാവ് പൊതികളുമായി യുവതിയടക്കം മൂന്നുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. പച്ചിലക്കാട് കായക്കൽ വീട്ടിൽ ഷനൂബ് (21), അൽഅമീൻ (30), തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.30നാണ് ഇവർ കഞ്ചാവുമായി കാറിൽ പനമരം ചങ്ങാടക്കടവ് പ്രദേശത്ത് എത്തിയത്.
ചെറുപൊതികളായി സൂക്ഷിച്ച 13ഓളം ചില്ലറ വിൽപനക്കുള്ള കഞ്ചാവ് പൊതികൾ വിദ്യാർഥികൾക്ക് കൈമാറുന്നതിനിടയിലാണ് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. ഇതിന് മുമ്പും പലതവണ ഇവർ കഞ്ചാവ് പ്രദേശത്ത് വിൽപന നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഈയടുത്തായി പ്രദേശത്ത് ചില ആളുകളുടെ ഒത്താശയോടെ കഞ്ചാവ് എത്തിക്കുന്നതായി നാട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം.
കഴിഞ്ഞ ദിവസം കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് ഒരാളെ കഞ്ചാവ് ലോബികൾ അടിച്ച് പരിക്കേൽപിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രദേശവാസികൾ ഇവർക്കെതിരെ ജാഗ്രത പാലിച്ചുതുടങ്ങിയത്.

