സംസ്ഥാന പാതയിൽ ബൈക്കുകളുടെ അഭ്യാസ പ്രകടനം, നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നിയമ നടപടി സാധിക്കില്ല
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ പാതയിൽ കോന്നിയിൽ യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. കുമ്പഴ മുതൽ കോന്നിവരെയുള്ള ഭാഗത്താണ് ബൈക്ക് അഭ്യാസം ഏറെയും. രണ്ടിലധികം പേർ ഒരുപോലെ അമിത വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഈ സമയം മറ്റ് വാഹനങ്ങൾ മുന്നിൽപെട്ടാൽ അപകടം ഉറപ്പാണ്. റോഡിൽ അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പല വാഹനങ്ങളും നമ്പർ പ്ലേറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതിൽ അധികൃതരെ കുഴക്കുന്നുണ്ട്. ഹെൽമറ്റും ജാക്കറ്റും ധരിച്ച് ബൈക്കിൽ വരുന്ന യുവാക്കളുടെ മുഖം തിരിച്ചറിയാനും പ്രയാസമാണ്.
സാധാരണ രീതിയിൽ വാഹനം ഓടിക്കുന്ന ആളുകളും വഴിയാത്രക്കാരും ഇത്തരം അഭ്യാസികളെ പേടിച്ചാണ് റോഡിലൂടെ യാത്ര ചെയുന്നത്. കോന്നി ചൈനമുക്ക്-മഠത്തിൽ കാവ് റോഡിലും ബൈക്ക് അഭ്യാസം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുണ്ട്.

