വർക്കലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
text_fieldsഷാനിദ
വർക്കല: ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഇടവ ശ്രീയേറ്റ് ലബ്ബ തെക്കതിൽ വീട്ടിൽ ഷാനിദ (58)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സിദ്ദിഖ് (64) പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം.
അലർച്ചയും ബഹളവും കേട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുത്തേറ്റുവീണ ഷാനിദയെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവം നടക്കുമ്പോൾ ഇളയമകൾ സുജിയാണ് ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നത്.
ഷാനിദയും സിദ്ദിഖും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. രണ്ടാമത്തെ മകൾ സുമി ആറുമാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിന് ശേഷം ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹം വർധിച്ചതായി അയൽവാസികൾ പറഞ്ഞു.
ഷാനിദയുടെ വയറ്റിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്. മൃതശരീരം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് പൊലീസ് തെളിവുകൾ ശേഖരിച്ചു. സൂഫി, പരേതയായ സുമി,സുജി എന്നിവരാണ് മക്കൾ. മരുമക്കൾ: ലുഖ്മാൻ, ജാസർ, അജ്മൽ.

