ആലപ്പാട് പുറത്തൂരിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി
text_fieldsഅന്തിക്കാട് പൊലീസ്
പിടികൂടിയ സ്പിരിറ്റ്. ഇൻസെറ്റിൽ അറസ്റ്റിലായ ഷാജി
അന്തിക്കാട്: ആലപ്പാട് പുറത്തൂരിൽ കള്ള് അളക്കുന്ന തൊഴിലാളിയുടെ വീട്ടിലെ തൊഴുത്തിൽനിന്ന് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. സംഭവത്തിൽ പുറത്തൂർ കുറുമ്പേപറമ്പ് ഷാജിയെ (32) സി.ഐ ടി.കെ. ദാസിന്റെ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചില കള്ളുഷാപ്പുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
സംശയത്തെ തുടർന്ന് പൊലീസ് സംഘം ഷാജിയുടെ വീട്ടിലും പരിശോധനക്ക് എത്തുകയായിരുന്നു. തൊഴുത്തിൽ നടത്തിയ പരിശോധനയിലാണ് 36 കന്നാസുകളിലായി സൂക്ഷിച്ച 1065 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. കള്ളിൽ സ്പിരിറ്റ് കലർത്തുന്നതായി ആക്ഷേപമുണ്ടായിരുന്നു. പരാതി ഉയർന്നതോടെയാണ് കള്ള് ഷാപ്പുകളിലും തൊഴിലാളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയത്. ഒന്നാം തീയതിയും ബാറിന് മുടക്കുള്ള ദിവസങ്ങളിലും മേഖലയിൽ മദ്യവിൽപന തകൃതിയാണ്. ഷാജിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐമാരായ ഹരീഷ്, ബെനഡിറ്റ്, പ്രദീപ്, എ.എസ്.ഐ അരുൺ, പൊലീസുകാരായ മുരുകദാസ്, സാബു, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.

