വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഅജികുമാർ
അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാലമല അംബിക ഭവനം അജികുമാറാണ് (47) പിടിയിലായത്. കോന്നി കുമ്മണ്ണൂർ സ്വദേശിനിക്ക് വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ച പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്മെന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി. സ്ഥാപന മറവിൽ നിരവധി പേരിൽനിന്ന് ഇയാൾ പണം തട്ടിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽപോയ പ്രതി എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പ് നടത്തിവരവെയാണ് അടൂർ പൊലീസ് എറണാകുളത്തെത്തി ഇയാളെ പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാൻ വിസിറ്റിങ് കാർഡും ലെറ്റർ പാഡും ഇയാൾ തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ പ്രതിയിൽനിന്ന് മുപ്പതിലധികം പാസ്പോർട്ടുകൾ കണ്ടെടുത്തു. അടൂരിൽ പ്രതിയുടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം അടൂർ സി.ഐ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. മനീഷ്, സുരേഷ് ബാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജിത്, സിവിൽ പൊലീസ് ഓഫിസർമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

