വികാരിയെ പള്ളിമേടയിൽ കയറി മർദിച്ചതായി പരാതി
text_fieldsചിറ്റൂർ: വടകരപ്പതി സ്വരപ്പാറയിൽ വികാരിയെ പള്ളിമേടയിൽ കയറി മർദിച്ചതായി പരാതി. സ്വരപ്പാറ ക്രിസ്തുരാജ പള്ളിവികാരി ഫാ. അമൽ ചാൾസിനാണ് (41) മർദനമേറ്റതായി പരാതി.
ചൊവ്വാഴ്ച രാവിലെ 8.45ന് കോഴിപ്പാറ സ്വരപ്പാറ പള്ളിയിൽ പ്രദേശവാസികളായ ജോൺ ഫെലിക്സ് തങ്കരാജ് (41), മൈക്കിൾ ഡിസൂസ (42) എന്നിവരും കണ്ടാലറിയുന്ന മറ്റു രണ്ടുപേരും പള്ളിമേടയിൽ അതിക്രമിച്ചു കയറി വികാരിയെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ വികാരിയെയും സഹായിയെയും കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുമ്പുണ്ടായിരുന്ന വികാരിയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാൻ എത്തിയവരെ വികാരി അനാവശ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്ന് കാണിച്ച് ജോൺ ഫെലിക്സ് തങ്കരാജ് പൊലീസിൽ പരാതി നൽകി. പദവിക്കു നിരക്കാത്ത തരത്തിലായിരുന്നു വികാരിയുടെ പെരുമാറ്റമെന്നും തങ്കരാജ്, മൈക്കിൾ ഡിസൂസ എന്നിവർ പറഞ്ഞു. ഇവരും കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ വികാരി അമൽ ചാൾസിനെതിരെയും കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

