Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുവർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; കുഞ്ഞിന്റെ മാതാവ് അറസ്റ്റിൽ, കാമുകനായി തിരച്ചിൽ

text_fields
bookmark_border
https://www.madhyamam.com/tags/child-murder
cancel

പത്തനംതിട്ട: പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ വളഞ്ഞവട്ടത്ത് ചതുപ്പിൽ കണ്ടെത്തിയ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയും കേസിലെ മൂന്നാം പ്രതിയുമായ മഞ്ജുവിനെ അറസ്റ്റ് ചെയ്തു.

2023 ആഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് മീനാക്ഷിപുരം മീൻകട ഡാമിന് സമീപമുള്ള ചെമ്മണ്ണതോട് എസ്.ടി ഉന്നതിയിൽ താമസക്കാരിയായ മഞ്ജു, 2023-ൽ നാടുവിട്ടുപോകുമ്പോൾ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുണ്ടായിരുന്നു.

എന്നാൽ, പിന്നീട് മഞ്ജു മാത്രം മടങ്ങിയെത്തിയപ്പോൾ കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് എസ്.ടി പ്രമോട്ടർ വിവരം മീനാക്ഷിപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശാനുസരണം തിരുവല്ല ഡിവൈ.എസ്.പി പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അമ്മയും കേസിലെ മൂന്നാം പ്രതിയുമായ മഞ്ജുവിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 2023-ൽ ഭർത്താവ് ഇസക്കിയുമായി പിണങ്ങി നാടുവിട്ട മഞ്ജുവിനെ ആലപ്പുഴ കളർകോടുവെച്ച് നാടോടിയായ ശിവൻ എന്നയാൾ സമീപിക്കുകയും, മഞ്ജുവിനെയും കുഞ്ഞിനെയും നോക്കിക്കൊള്ളാമെന്ന് പറയുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ജു ശിവനോടൊപ്പം ചങ്ങനാശ്ശേരിയിൽ എത്തുകയും ഒപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരുദിവസം രാത്രി കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്ന ശിവൻ കുഞ്ഞിന്റെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ശിവന്റെ സഹോദരൻ ശക്തിയെ വിളിച്ചുവരുത്തുകയും, ശക്തി കൊണ്ടുവന്ന സ്കൂട്ടറിൽ മൃതദേഹം പുളിക്കീഴ് വളഞ്ഞവട്ടത്ത് ചതുപ്പിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ പിടിയിലായ മഞ്ജു കുറ്റം സമ്മതിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

എസ്.ഐ ധന്യ, എ.എസ്.ഐമാരായ രാജേഷ് കുമാർ, സുബി, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, അജിത, സി.പി.ഒമാരായ വിനീഷ്, ഗീതു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവൻ, ശക്തി എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ മൂന്നാം പ്രതി മഞ്ജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story