4.50 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: നഗരത്തിൽ 4.50 ലക്ഷത്തിന്റെ കള്ളനോട്ട് പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 500 രൂപയുടെ വ്യാജ നോട്ടുകെട്ടുകളാണ് പിടികൂടിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊലീസ് തന്ത്രപ്രധാന മേഖലകളിൽ ഏർപ്പെടുത്തിയ പരിശോധനയുടെ ഭാഗമായി നടത്തിയ വാഹനപരിശോധനയിലാണ് കള്ളനോട്ടുകൾ പിടികൂടിയതെന്ന് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
സ്കൂട്ടറിൽ വരുകയായിരുന്ന ഇരുവരും പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നജ്മുദ്ദീൻ എന്ന നിസാമിനെ(32) ബി.സി റോഡിൽനിന്നും റജീം എന്ന റാഫിയെ (31) ജെപ്പുവിൽ നിന്നുമാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്നുള്ള ഡാനിയേൽ എന്നയാളിൽ നിന്നാണ് കള്ളനോട്ടുകൾ വാങ്ങിയതെന്ന് ഇരുവരും ചോദ്യംചെയ്യലിൽ പറഞ്ഞു.
ഡാനിയേലിനെ മറ്റൊരു കേസിൽ ഇതിനകം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കള്ളനോട്ടുകൾ കോയമ്പത്തൂരിൽ അച്ചടിച്ചതാണ്. വായ്പ തിരിച്ചടക്കാനായുള്ള ആവശ്യത്തിനായാണ് തങ്ങൾ കള്ളനോട്ടുകൾക്കായി ഡാനിയേലിനെ സമീപിച്ചതെന്ന് ഇരുവരും പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

