കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചില്ല; ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി
text_fieldsചെറുവത്തൂർ: കെ.ടെറ്റ് ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് നിരവധി ഉദ്യോഗാർഥികൾക്ക് ഹൈസ്കൂൾ അസിസ്റ്റൻറ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ഹൈസ്കൂൾ ടീച്ചർ ഗണിത ശാസ്ത്രം, നാച്വറൽ സയൻസ് തസ്തികകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. കെ. ടെറ്റ് യോഗ്യത കൂടിയുണ്ടെങ്കിൽ മാത്രമേ പി.എസ്.സിക്ക് അപേക്ഷിക്കാൻ സാധിക്കൂ. പരീക്ഷഫലം വൈകിയതിനെ തുടർന്ന് അപേക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പി.എസ്.സി അധികൃതരെ സമീപിച്ചിരുന്നു.
എന്നാൽ, അനുകൂല തീരുമാനം ഉണ്ടായില്ല. നിലവിൽ 13,800 ഉദ്യോഗാർഥികൾ മാത്രമാണ് രണ്ട് തസ്തികകളിലേക്കുമായി അപേക്ഷിച്ചിട്ടുള്ളത്.
വർഷം തോറും മൂന്നുപ്രാവശ്യം നടത്തിവന്ന കെ.ടെറ്റ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒറ്റത്തവണയാണ് നടത്തിയത്.
ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച കെ.ടെറ്റ് പരീക്ഷകൾ നടന്നത് ജനുവരി ഒമ്പത്, 17 തീയതികളിലായിരുന്നു. ഒരു മാസമെങ്കിലും കഴിയാതെ ഫലപ്രഖ്യാപനം നടത്താൻ കഴിയില്ലെന്നാണ് പരീക്ഷാ ഭവെൻറ മറുപടി.

