കരിയർ പ്ലാനിങ്ങിൽ ഒരു മുഴം മുൻപേ; ഫിൻലൻഡ് മോഡലും നാളെയുടെ തൊഴിൽ ലോകവും
text_fieldsനമ്മുടെ നാട്ടിലെ കാരണവന്മാർ പണ്ടുമുതലേ പറയുന്ന ഒരു ശൈലിയുണ്ട്, ‘എന്തുകാര്യത്തിനും ഒരു മുഴം മുൻപേ നീട്ടിയെറിയണം’ എന്ന്. കൃഷിയിലായാലും, കച്ചവടത്തിലായാലും, ജീവിതത്തിലെ മറ്റ് സുപ്രധാന തീരുമാനങ്ങളിലായാലും വരാനിരിക്കുന്ന കാര്യങ്ങളെ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നതിനെയാണ് ഈ പ്രയോഗം അർഥമാക്കുന്നത്. അതിവേഗം മാറുന്ന ഇന്നത്തെ ലോകത്ത്, ഈ തത്വം ഏറ്റവും കൂടുതൽ പ്രായോഗികമാക്കേണ്ടത് കരിയർ പ്ലാനിങ്ങിലാണ്. കാരണം, നാം ജീവിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ മാറ്റങ്ങളുടെ കാലഘട്ടത്തിലാണ്. ഈ മാറ്റത്തിന്റെറെ പാതയിൽ നമുക്ക് ഏറ്റവും വലിയ മാതൃകയാക്കാൻ കഴിയുന്നത് ഫിൻലൻഡ് എന്ന കൊച്ചു രാജ്യത്തെയാണ്. എന്തുകൊണ്ടാണ് കരിയർ പ്ലാനിങ്ങിൽ നാം പഴയ രീതികൾ മാറ്റിവെക്കേണ്ടതെന്നും, അവിടെ ഫിൻലൻഡ് മോഡൽ എങ്ങനെ നമുക്ക് വഴികാട്ടിയാകുന്നുവെന്നും ആഴത്തിൽ തന്നെ പരിശോധിക്കാം.
പാരമ്പര്യ വഴിയിലെ‘മിസ്സിങ് സിലബസ്’
നമ്മുടെ സമൂഹത്തിൽ ഒരു വിദ്യാർഥിയുടെ കരിയർ പ്ലാനിങ് തുടങ്ങുന്നത് മിക്കവാറും പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വരുന്ന അന്നോ, അല്ലെങ്കിൽ പ്ലസ് ടു കഴിയുമ്പോഴോ ആയിരിക്കും അത്. അതുവരെ ‘നന്നായി പഠിക്ക്, ഫുൾ എ പ്ലസ് വാങ്ങ്’ എന്നതിനപ്പുറം കുട്ടിയുടെ അഭിരുചികളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ കാര്യമായ ചർച്ചകളൊന്നും പല വീടുകളിലും നടക്കാറില്ല. പരീക്ഷാഫലം വന്നുകഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളവരുടെ ഊഴമാണ്. സയൻസ് എടുത്ത് എങ്ങനെയെങ്കിലും ഒരു ഡോക്ടറോ എഞ്ചിനീയറോ ആകുക, അല്ലെങ്കിൽ കൊമേഴ്സ് എടുത്ത് അക്കൗണ്ടന്റ് ആകുക. ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിഗ്രി എടുത്ത് ഒരു പി.എസ്.സി കോച്ചിങ്ങിന് പോയി സർക്കാർ ജോലി നേടുക. ഈ വളരെ ചുരുങ്ങിയ ഓപ്ഷനുകൾക്കുള്ളിലാണ് നമ്മുടെ ബഹുഭൂരിപക്ഷത്തിന്റെയും കരിയർ സ്വപ്നങ്ങൾ കറങ്ങിത്തിരിയുന്നത്.
എന്നാൽ, ഇന്നത്തെ കാലത്ത് 'തികച്ചും സുരക്ഷിതമായ ജോലി' എന്നൊന്നില്ല. ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയാൽ ജീവിതം സെറ്റിലായി എന്ന ചിന്ത കാലഹരണപ്പെട്ടു കഴിഞ്ഞു. ഡിഗ്രിയുടെ ഭാരമില്ലാതെ പറന്നുയരാൻ നൈപുണ്യങ്ങൾ മതിയാകുന്ന കാലമാണിത്. എ.ഐയും ഓട്ടോമേഷനും തൊഴിൽ മേഖലയെ കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വർഷം മുൻപ് ഡിമാൻഡ് ഉണ്ടായിരുന്ന പല കോൾ സെന്റർ ജോലികളും, ഡാറ്റാ എൻട്രി ജോലികളും ഇന്ന് എ.ഐ നിഷ്പ്രയാസം ചെയ്യുന്നുണ്ട്. നിർഭാഗ്യവശാൽ, ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തക്കവണ്ണമുള്ള ജീവിത നൈപുണ്യങ്ങളും വിമർശനാത്മക ചിന്തയും പലപ്പോഴും നമ്മുടെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു ‘മിസ്സിങ് സിലബസ്’ ആയി മാറുന്നു. ഇവിടെയാണ് വരാൻ പോകുന്ന മാറ്റങ്ങളെ മുൻകൂട്ടി കണ്ട്, അതിനനുസരിച്ചുള്ള കഴിവുകൾ വളർത്തിയെടുക്കേണ്ടത്.
ഫിൻലൻഡ് എന്ന അത്ഭുത ലോകം
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യം, വർഷങ്ങളായി ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ജീവിക്കുന്ന രാജ്യം - ഫിൻലൻഡിനെക്കുറിച്ച് പറയുമ്പോൾ ഈ വിശേഷണങ്ങൾ ഒഴിവാക്കാനാകില്ല. എന്തുകൊണ്ടാണ് അവർ ഇത്രയും മികച്ചവരായത്? അവർ കുട്ടികളെ രാവിലെ മുതൽ വൈകുന്നേരം വരെ കോച്ചിംഗ് സെന്ററുകളിലിരുത്തി പഠിപ്പിക്കാറില്ല. അവർക്ക് മുതുകൊടിയുന്ന ഭാരമുള്ള സ്കൂൾ ബാഗുകളില്ല, ഉറക്കമൊഴിച്ചിരുന്ന് ചെയ്യേണ്ട ഹോംവർക്കുകളില്ല, നിരന്തരമുള്ള റാങ്ക് പട്ടികകളില്ല. എന്നിട്ടും അവിടുത്തെ കുട്ടികൾ ലോകത്തെ മറ്റ് ഏതു രാജ്യത്തെ വിദ്യാർഥികളേക്കാളും മികച്ച രീതിയിൽ ചിന്തിക്കുകയും, ഭാവിയിലെ തൊഴിൽ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നോക്കിയ പോലൊരു ഭീമൻ കമ്പനി തകർന്നിട്ടും ഫിൻലൻഡ് തളർന്നില്ല. പകരം അവിടെനിന്ന് നൂറുകണക്കിന് പുതിയ സ്റ്റാർട്ടപ്പുകൾ ഉയിർത്തെഴുന്നേറ്റു. ഈ ഊർജ്ജത്തിന് പിന്നിൽ അവരുടെ വിദ്യാഭ്യാസ, കരിയർ നയങ്ങളുടെ വ്യക്തമായ സ്വാധീനമുണ്ട്.
നമ്മുടെ കരിയർ പ്ലാനിങ്ങിലേക്ക് പ്രായോഗികമായി പകർത്താൻ കഴിയുന്ന ഫിൻലൻഡ് മോഡലിലെ ചില സുപ്രധാന ആശയങ്ങൾ
താഴെ പറയുന്നവയാണ്:
1. വ്യക്തിത്വ വികസനവും
അഭിരുചി കണ്ടെത്തലും
നമ്മുടെ നാട്ടിൽ ഒരു കുട്ടിക്ക് കണക്കിലോ സയൻസിലോ മാർക്ക് കുറവാണെങ്കിൽ, ആ കുട്ടിയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് മാതാപിതാക്കളും അധ്യാപകരും വിധിയെഴുതാറുണ്ട്. ആ കുട്ടി ഒരുപക്ഷേ സംഗീതത്തിലോ, ചിത്രരചനയിലോ, ഡിസൈനിങ്ങിലോ, അല്ലെങ്കിൽ സ്പോർട്സിലോ അതിയായ കഴിവുള്ള ആളായിരിക്കാം. എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മുടെ പരമ്പരാഗത സിസ്റ്റം അത്ര ഗൗരവമായി പരിഗണിക്കാറില്ല.
എന്നാൽ ഫിൻലൻഡിൽ ഒരു കുട്ടിയുടെ പഠനം തുടങ്ങുന്നത് തന്നെ അവന്റെ അല്ലെങ്കിൽ അവളുടെ അഭിരുചികൾ എന്താണെന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിലൂടെയാണ്. ഏഴ് വയസ്സുവരെ അവിടെ ഔദ്യോഗിക വിദ്യാഭ്യാസമില്ല. കുട്ടികൾ കളിച്ചും ചിരിച്ചും പ്രകൃതിയുമായി ഇടപഴകിയും വളരുന്നു. സ്കൂളിലെത്തിയാലും റാങ്ക് നേടുന്നതിനല്ല, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും അനുഭവങ്ങൾ നേടുന്നതിനുമാണ് പ്രാധാന്യം. ഒരു കുട്ടിക്ക് ഏത് മേഖലയിലാണ് (ഉദാഹരണത്തിന്: മെക്കാനിക്കൽ, സോഷ്യൽ, ആർട്ടിസ്റ്റിക്, എന്റർപ്രൈസിങ്) താല്പര്യമെന്ന് കണ്ടെത്താൻ അവിടെ അധ്യാപകർ തുടക്കം മുതലേ സഹായിക്കുന്നു.
മികച്ചൊരു കരിയറിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി ഇതാണ് - ‘എനിക്ക് അനുയോജ്യമായ തൊഴിൽ ഏതാണ്? എന്ന് കണ്ടെത്തുക. തനിക്ക് താല്പര്യമുള്ള ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ, ജോലി ഒരിക്കലും ഒരു ഭാരമായി തോന്നില്ല. അതിൽ പുതിയ കാര്യങ്ങൾ പഠിക്കാനും, അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരാനും അവർക്ക് സാധിക്കും.
2. ഫിനോമിനൻ ബേസ്ഡ് ലേണിങ്
ഫിൻലൻഡ് വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണിത്. ഫിൻലൻഡിൽ ഒരു പ്രത്യേക വിഷയത്തെയോ യഥാർഥ ലോകത്തെ പ്രതിഭാസത്തെയോ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങൾ ഒന്നിച്ചു പഠിപ്പിക്കുന്ന രീതിയുണ്ട്. ഉദാഹരണത്തിന്, 'കാലാവസ്ഥാ വ്യതിയാനം' എന്ന വിഷയമാണ് പഠിക്കുന്നതെന്നിരിക്കട്ടെ. ഇതിൽ സയൻസ് കടന്നുവരും, ഭൂമിശാസ്ത്രം കടന്നുവരും, ലോകചരിത്രവും സമ്പദ്വ്യവസ്ഥയും കടന്നുവരും. ഒരു വിഷയത്തെ വിവിധ കോണുകളിൽനിന്ന് സമഗ്രമായി നോക്കിക്കാണാൻ കുട്ടികൾ പഠിക്കുന്നു.
ഇന്നത്തെ കോർപറേറ്റ് ലോകവും ബിസിനസ് രംഗവും ആവശ്യപ്പെടുന്നത് ഇത്തരം മൾട്ടി-ഡിസിപ്ലിനറി കഴിവുകളാണ്. നാളെയുടെ ഒരു സ്മാർട്ട് എഞ്ചിനീയർക്ക് വെറുതെ കോഡിങ് അറിഞ്ഞാൽ മാത്രം പോരാ. താൻ വികസിപ്പിക്കുന്ന സോഫ്റ്റ്വെയർ ഉപഭോക്താക്കൾ എങ്ങനെ ഉപയോഗിക്കുമെന്നും, അതിന്റെ ബിസിനസ് സാധ്യതകൾ എന്താണെന്നും, അതിലെ നൈതിക വശങ്ങൾ എന്താണെന്നും മനസ്സിലാക്കാൻ കഴിയണം. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഭാവിയിലെ ഏറ്റവും വിലപിടിപ്പുള്ള സ്കിൽ ആണ്. അറിവുകളെ പരസ്പരം ബന്ധിപ്പിക്കാനും, അത് പ്രായോഗികമായി ഉപയോഗിക്കാനും ശീലിക്കുക എന്നതാണ് കരിയർ പ്ലാനിങ്ങിൽ നാം ഉൾക്കൊള്ളേണ്ട വലിയൊരു പാഠം.
3. തൊഴിലിന്റെ മഹത്വവും
വൊക്കേഷനൽ വിദ്യാഭ്യാസവും
നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് 'തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം'. ഒരു സി.ഇ.ഒക്കോ ഡോക്ടർക്കോ ലഭിക്കുന്ന ബഹുമാനം ഒരു മെക്കാനിക്കിനോ കാർപെന്റർക്കോ ലഭിക്കാറുണ്ടോ? എല്ലാവർക്കും എ.സി മുറിയിലിരുന്ന് ചെയ്യുന്ന വൈറ്റ് കോളർ ജോലികൾ മതി.
ഫിൻലൻഡിൽ അങ്ങനെയല്ല. അവിടെ അക്കാദമിക് വിദ്യാഭ്യാസത്തിനും വൊക്കേഷണൽ (തൊഴിലധിഷ്ഠിത) വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യവും ബഹുമാനവുമാണ്. ഒൻപതാം ക്ലാസ് കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യമനുസരിച്ച് അക്കാദമിക് ട്രാക്കിലേക്കോ വൊക്കേഷനൽ ട്രാക്കിലേക്കോ തിരിയാം. വൊക്കേഷനൽ പഠിച്ച ഒരാൾക്ക് പിന്നീട് അക്കാദമിക് രംഗത്തേക്ക് വരണമെന്നുണ്ടെങ്കിൽ അതിനും അവിടെ തടസ്സങ്ങളില്ല.
ലോകത്തിന് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും മാത്രമല്ല ആവശ്യം; മികച്ച ഡിസൈനർമാരെയും, ക്രിയേറ്റീവ് റൈറ്റർമാരെയും, ആനിമേറ്റർമാരെയും, ടെക്നീഷ്യന്മാരെയും ആവശ്യമുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിനോ ജോലിക്കോ പോകുന്നവർക്ക് വൊക്കേഷനൽ സ്കില്ലുകൾ നൽകുന്ന മുൻതൂക്കം വളരെ വലുതാണ്.
4. നിരന്തരമായ തുടർപഠനം
‘ഡിഗ്രി കഴിഞ്ഞു, ഇനി പഠിത്തം നിർത്താം, ഒരു ജോലി കണ്ടെത്താം’ എന്ന് ചിന്തിക്കുന്നവരാണ് വലിയൊരു ശതമാനം ആളുകളും. ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്കില്ലുകൾ അപ്ഡേറ്റ് ചെയ്യാത്തവർ നിരവധിയാണ്. എന്നാൽ ഫിൻലൻഡ് ജനത ജീവിതകാലം മുഴുവൻ വിദ്യാർഥികളാണ്. പ്രായഭേദമന്യേ പുതിയ കാര്യങ്ങൾ പഠിക്കാനും, തങ്ങളുടെ കഴിവുകൾ നവീകരിക്കാനും അവർ എപ്പോഴും സമയം കണ്ടെത്തുന്നു. ഡിജിറ്റൽ യുഗത്തിൽ ഈ 'തുടർപഠനം' എന്നത് ഒരു ചോയ്സ് അല്ല, തികച്ചും അനിവാര്യമായ ഒന്നാണ്. സാങ്കേതികവിദ്യ മാറുന്ന വേഗത ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷം നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന പല ടൂളുകളും ഇന്ന് പഴഞ്ചനായി. ജനറേറ്റീവ് എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയവയുടെ കടന്നുവരവോടെ കണ്ടന്റ് റൈറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, കോഡിങ് തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ജോലി ചെയ്യുന്ന രീതി തന്നെ മാറിമറിഞ്ഞു. പുതിയ സ്കില്ലുകൾ വേഗത്തിൽ പഠിച്ചെടുക്കുക, ഉള്ളവ മെച്ചപ്പെടുത്തുക എന്നിവയാണ് ഭാവിയിലെ കരിയർ നിലനിർത്താനുള്ള ഏക മാർഗം.
5. പരാജയങ്ങളെ
ഉൾക്കൊള്ളാനുള്ള
വിശാലമനസ്സ്
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിജയിക്കാൻ മാത്രമാണ് പഠിപ്പിക്കുന്നത്. പരാജയം എന്നത് സമൂഹത്തിന് മുന്നിൽ ഒരു വലിയ നാണക്കേടായി നാം കാണുന്നു. ഫിൻലൻഡിലെ രീതി പക്ഷേ, വ്യത്യസ്തമാണ്. പരാജയങ്ങളെ സ്വാഭാവികമായി കാണാനും, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനും അവർ കുട്ടികളെ പ്രാപ്തരാക്കുന്നു. ഒക്ടോബർ 13ന് ഫിൻലൻഡ് 'നാഷണൽ ഡേ ഓഫ് ഫെയിലിയർ' ആയി ആചരിക്കുന്നത് തന്നെ, തെറ്റുകളിൽ നിന്ന് പഠിച്ച് വളരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ്. സംരംഭകത്വത്തിലും കരിയറിലും ഈ മനോഭാവം അതിപ്രധാനമാണ്.
6. ജോലി-ജീവിത സന്തുലിതാവസ്ഥ
നമ്മൾ ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്, അല്ലാതെ ജീവിക്കുന്നത് ജോലി ചെയ്യാൻ വേണ്ടിയല്ല. വളരെ ലളിതമായ ഈ സത്യം പ്രായോഗിക ജീവിതത്തിൽ പലരും മറന്നുപോകുന്നു. കൂടുതൽ സമ്പാദിക്കുക, വലിയ സ്ഥാനങ്ങളിൽ എത്തുക എന്ന ലക്ഷ്യത്തിന് പിന്നാലെ രാപ്പകൽ ഭേദമില്ലാതെ ഓടുമ്പോൾ നഷ്ടപ്പെടുന്നത് സ്വന്തം ആരോഗ്യം കൂടിയാണ്.
ഫിൻലൻഡ് ജനത ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരാകാൻ പ്രധാന കാരണം അവരുടെ മികച്ച വർക്ക്-ലൈഫ് ബാലൻസ് ആണ്. ജോലിസമയം കഴിഞ്ഞാൽ അവർ പൂർണമായും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചെലവഴിക്കും. ഹോബികൾക്കായി സമയം കണ്ടെത്തുന്നു. വിശ്രമമുള്ള, ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള ഒരു വ്യക്തിക്കാണ് കൂടുതൽ മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിയുക എന്ന് അവർ വിശ്വസിക്കുന്നു.
നമ്മുടെ കരിയർ തിരഞ്ഞെടുക്കുമ്പോഴും ഈ സന്തുലിതാവസ്ഥക്ക് പ്രാധാന്യം നൽകണം. പണവും പ്രശസ്തിയും മാത്രം നോക്കി കരിയർ തിരഞ്ഞെടുക്കുന്നതിന് പകരം, സ്വന്തം മാനസികാരോഗ്യത്തിനും, വ്യക്തിപരമായ വളർച്ചയ്ക്കും കൂടി പ്രാധാന്യം നൽകുന്ന ഒരു പാത കണ്ടെത്താൻ ശ്രമിക്കണം. സ്വന്തം ബോസ് താൻ തന്നെയാണ് എന്ന ചിന്തയോടെ, ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിൽ തന്നെ വെക്കാൻ ശ്രമിക്കുക.

