Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം പുസ്തകം, പിന്നെ സ്ക്രീൻ; ക്ലാസ് മുറികളിൽ പരമ്പരാഗത പഠനരീതി തിരികെ കൊണ്ടുവന്ന് യൂറോപ്യൻ രാജ്യങ്ങൾ

text_fields
bookmark_border
ആദ്യം പുസ്തകം, പിന്നെ സ്ക്രീൻ; ക്ലാസ് മുറികളിൽ പരമ്പരാഗത പഠനരീതി തിരികെ കൊണ്ടുവന്ന് യൂറോപ്യൻ രാജ്യങ്ങൾ
cancel

2010കളുടെ തുടക്കത്തിൽ എല്ലാ വിദ്യാർഥികളുടെയും കൈകളിൽ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും എത്തിച്ച് വിദ്യാഭ്യാസ മേഖലയെ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത രാജ്യമാണ് സ്വീഡൻ. എന്നാൽ വർഷങ്ങൾക്കിപ്പുറം, ആ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞ് അച്ചടിച്ച പാഠപുസ്തകങ്ങൾ കോടിക്കണക്കിന് തുക ചെലവഴിച്ച് തിരികെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരികയാണ് അവർ.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള ഗൈഡുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ വാങ്ങുന്നതിനായി സ്വീഡൻ 200 കോടിയലധികം ക്രോണറാണ് (1,600 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചത്. ഇതിന് പുറമെ ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥികളുടെ പഠന നിലവാരത്തിൽ വൻ ഇടിവ് സംഭവിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. സ്വീഡനിലെ 15നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നാലിലൊരാൾക്ക് അടിസ്ഥാനപരമായ വായനാശേഷി പോലുമില്ലെന്ന് സർവേകളിൽ കണ്ടെത്തിയിരുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നുവെന്ന് രാജ്യത്തെ പ്രമുഖ മെഡിക്കൽ സർവകലാശാലയും തെളിവുകൾ സഹിതം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഇത്തരം നടപടിയിലേക്ക് രാജ്യം മാറുന്നത്.

എന്നാൽ സ്വീഡൻ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമാനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഡെൻമാർക്ക്, നോർവേ, ഫ്രാൻസ്, ഇറ്റലി, ഫിൻലാൻഡ് എന്നീ രാജ്യങ്ങളും പുസ്തകങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പഠന രീതി​യിലേക്ക് മാറാൻ ഒരുങ്ങുകയാണ്.

ഇതി​ന്റെ ഭാഗമായി ഡെൻമാർക്കിൽ അച്ചടിച്ച പുസ്തകങ്ങൾ വാങ്ങി നൽകാൻ 54 കോടി ക്രോണർ ചെലവഴിക്കുന്നതിനൊപ്പം സ്കൂളുകളിൽ ഫോൺ നിരോധനം നടപ്പിലാക്കുന്നുണ്ട്. നോർവേയിൽ സ്കൂളുകൾ കുട്ടികൾ കടലാസിൽ വായിക്കുകയും കൈകൊണ്ട് എഴുതുകയും ചെയ്യുന്ന ഇടങ്ങളാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫ്രാൻസ്, ഇറ്റലി, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ക്ലാസ് മുറികളിൽ സ്‌ക്രീനുകളുടെയും ഫോണുകളുടെയും ഉപയോഗം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള രാജ്യങ്ങളാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത് എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ള സർക്കാറുകൾ ഭരിക്കുന്ന രാജ്യങ്ങൾ പോലും പഠനത്തിൽ അച്ചടിച്ച പുസ്തകങ്ങൾക്കും കൈയ്യക്ഷരത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനത്തിലേക്കാണ് നീങ്ങുന്നത്.

എന്നാൽ സാങ്കേതികവിദ്യയെ പൂർണമായി ഉപേക്ഷിക്കുകയല്ല ഈ രാജ്യങ്ങളുടെ ലക്ഷ്യം. പകരം വായന, എഴുത്ത്, ഗണിതം എന്നിവയുടെ അടിസ്ഥാനം ആദ്യം കടലാസിലൂടെയും പുസ്തകങ്ങളിലൂടെയും ഉറപ്പിച്ച ശേഷം മാത്രം സ്ക്രീനുകൾ ഉപയോഗിക്കുക എന്ന നയത്തിലേക്കാണ് ഈ രാജ്യങ്ങൾ ഇപ്പോൾ മാറുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Europe Schools Return to Printed Textbooks and Phone Bans to Improve Learning
Next Story