സി.ബി.എസ്.ഇ സൗദി ശാസ്ത്രമേള: അൽമുന സ്കൂളിന് ഒന്നാം സ്ഥാനം
text_fieldsസ്കുൾ ശാസ്ത്ര മേളയിൽ വിജയിച്ച അൽമുന സ്കൂൾ വിദ്യാർഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മാഈൽ എന്നിവർ തങ്ങളുടെ പ്രോജക്ടുമായി
ദമ്മാം: സി.ബി.എസ്.ഇ സൗദി ചാപ്റ്റർ ശാസ്ത്രമേളയിൽ അൽമുന ഇന്റർനാഷനൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. 36ഓളം സ്കൂളുകൾ പങ്കെടുത്ത ശാസ്ത്രമേളയിൽ അൽമുന സ്കൂൾ വിദ്യാർഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മാഈൽ എന്നിവർ ‘ഭാവിയുടെ സാങ്കേതിക നഗരം’ എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ശാസ്ത്ര പ്രദർശനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ആധുനിക സാങ്കേതിക വിദ്യകൾ സാധാരണ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായ രീതിയിൽ പ്രദർശനം വിശദീകരിക്കുന്നു.
ശുഭാപ്തിവിശ്വാസമുള്ള സാങ്കേതിക ഭൂമി എന്നാണ് വിദ്യാർഥികൾ മോഡലിന് നാമകരണം ചെയ്തത്. ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അൽമുന സ്കൂൾ മൂന്നാം സ്ഥാനം നേടി. നേരത്തേ പ്രവിശ്യ തലങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കിഴക്കൻ പ്രവിശ്യയിൽ അൽമുന സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. സക്കീന മഹവീൻ, മുഹമ്മദ് ജിബ്രീൽ എന്നീ വിദ്യാർഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്.
സൗദി തല കായിക മത്സരത്തിൽ അൽമുന സ്കൂളിൽ നിന്നുള്ള ഹസൻ അഹ്മദ് (ഷോട്ട്പുട്ട്, ജൂനിയർ വിഭാഗം ആൺകുട്ടികൾ), ശ്രേയ ജിയോ (ഷോട്ട്പുട്ട്, ജൂനിയർ വിഭാഗം പെൺകുട്ടികൾ) എന്നിവർ രണ്ടാം സ്ഥാനവും ഹന ഹനീഷ് (ഡിസ്കസ് ത്രോ, ജൂനിയർ വിഭാഗം പെൺകുട്ടികൾ) രണ്ടാം സ്ഥാനവും നേടി. 400 മീറ്റർ ഓട്ടമത്സരത്തിൽ മൈഥിലി മൂന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ ബോഡ് അംഗം അൻവർ സാദാത്ത് ട്രോഫികൾ വിതരണം ചെയ്തു.
അൽമുന സ്കൂൾ സി.ഇ.ഒ ഡോ. ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽസഹ്റാനി, മാനേജർ ഖാദർ മാസ്റ്റർ, അക്കാദമിക് പ്രിൻസിപ്പൽ കാസിം ഷാജഹാൻ, ഹെഡ്മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, രമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

