വ്യത്യസ്തനാമൊരു സപ്ലൈ ഓഫിസർ: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഗുണനിലവാര പരിശോധന
text_fieldsകൊന്നക്കാട് ഗവ.എൽ.പി സ്കൂളിലെ കുട്ടികൾക്ക് തയാറാക്കിയ
ഉച്ചഭക്ഷണം കഴിച്ച് ഗുണനിലവാരം പരിശോധിക്കുന്ന
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ
നീലേശ്വരം: സാധാരണ സർക്കാർ ഉദ്യോഗസ്ഥ വൃന്ദം പരിശോധന പേരിനുമാത്രം നടത്തുമ്പോൾ ഇവിടെ വ്യത്യസ്തനാവുകയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവനാണ് ഈ ഉദ്യോഗസ്ഥൻ. ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് ഗവ.എൽ.പി സ്കൂളിലെ ഉച്ച ഭക്ഷണ വിതരണ സൗകര്യങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. ബുധനാഴ്ച ഉച്ചക്ക് സ്കൂളിലെത്തി കുട്ടികൾക്ക് തയാറാക്കിയ ചോറും കറിയും ബെഞ്ചിൽ ഇരുന്ന് കഴിച്ചുനോക്കിയാണ് വ്യത്യസ്ത രീതിയിൽ ഗുണനിലവാര പരിശോധന നടത്തിയത്. ഉച്ചഭക്ഷണത്തിനുള്ള അരി സൂക്ഷിക്കുന്ന സ്ഥലം, പാചകപ്പുര എന്നിവ സ്കൂൾ അധികൃതർക്കൊപ്പം പരിശോധന നടത്തി. സിവിൽ സപ്ലൈസ് സ്റ്റാഫ് കെ. മനോജ് കുമാർ, പ്രധാനാധ്യാപിക മേഴ്സി തോമസ്, അധ്യാപകരായ എസ്. ശരണ്യ, എ.വി. വീണ, ജിവനക്കാരി സജിന വേണു എന്നിവർ പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

