Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനീസ് കോടീശ്വരന്മാർക്ക് നികുതി കുരുക്ക്; വിദേശ സമ്പത്തിന് 20 ശതമാനം നികുതി

text_fields
bookmark_border
ചൈനയിലെ 8 കോടീശ്വരന്മാർ പ്രതിസന്ധിയിൽ
ചൈനീസ് കോടീശ്വരന്മാർക്ക് നികുതി കുരുക്ക്; വിദേശ സമ്പത്തിന് 20 ശതമാനം നികുതി
cancel

ബീജിങ്: വർഷങ്ങളായി നികുതി വെട്ടിച്ച് വിദേശത്ത് സമ്പത്ത് ഒളിപ്പിച്ച ചൈനീസ് കോടീശ്വരന്മാർക്ക് വൻ തിരിച്ചടി. വിദേശ ട്രസ്റ്റുകളിൽ നിന്നുള്ള ലാഭത്തിന് 20 ശതമാനം നികുതി ഈടാക്കാൻ ചൈന തീരുമാനിച്ചു. ഒക്ടോബർ 22നകം നികുതി അടച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കും.

ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരായ 500 പേരിൽ 8 ചൈനീസ് ശതകോടീശ്വരന്മാരെയാണ് പുതിയ നിയമം നേരിട്ട് ബാധിക്കുക. ഇവർ വിദേശത്ത് ഒളിപ്പിച്ചിരിക്കുന്നത് 140.2 ബില്യൺ ഡോളറിന്റെ (ഏകദേശം 12 ലക്ഷം കോടി രൂപ) ആസ്തിയാണ്.

നാട്ടിൽ ബിസിനസ് നടത്തി അമേരിക്കയിലോ ഹോങ്കോങ്ങിലോ കമ്പനി ലിസ്റ്റ് ചെയ്ത് ലാഭം വിദേശത്തേക്ക് മാറ്റുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരം നിക്ഷേപങ്ങളിലൂടെയാണ് വിദേശ സമ്പത്തിന്റെ വലിയൊരു ഭാഗവും രൂപപ്പെട്ടത്. പി.ഡി.ഡി, പോപ്പ് മാർട്ട് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഐപിഒക്ക് ശേഷം കുതിച്ചുയർന്നതോടെ സ്ഥാപകർക്ക് വൻതോതിൽ സമ്പത്ത് ലഭിച്ചു. എന്നാൽ ഷി ജിൻപിങ്ങിന്റെ 'പൊതു സമൃദ്ധി' പദ്ധതിയുടെ ഭാഗമായി സർക്കാർ നികുതി വേട്ട ശക്തമാക്കി.

വിദേശ ട്രസ്റ്റുകളിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന പഴയ സമ്പത്തിനെയാണ് പുതിയ നികുതി നടപടി കൂടുതൽ ബാധിക്കുകയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റുകളുടെ ഘടന പുനഃസംഘടിപ്പിക്കാനും വിദേശ ആസ്തികൾ സംബന്ധിച്ച നികുതി ബാധ്യത കണക്കാക്കാനും സമ്പന്ന കുടുംബങ്ങൾ അഭിഭാഷകരുടെയും നികുതി വിദഗ്ധരുടെയും സഹായം തേടുന്നുണ്ട്.

വിദേശ പാസ്പോർട്ട് എടുത്തവരും നികുതി അടക്കണമെന്നാണ് നിയമം. ഇതോടെ പല കോടീശ്വരന്മാരും നികുതി അടക്കാൻ ഓഹരികൾ വിറ്റ് തുടങ്ങി. ഹെയ്ഡിലാവിന്റെയും കാൻസുൻ ലിമിറ്റഡിന്റെയും സ്ഥാപകർ നികുതി അടക്കുന്നതിനായി നൂറുകണക്കിന് മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി മൂലം പ്രാദേശിക സർക്കാരുകളുടെ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ പുതിയ വരുമാന മാർഗങ്ങൾ തേടുകയാണ് ചൈന. പുതിയ നികുതി നിയമം വഴി സർക്കാരിന് എത്ര അധിക വരുമാനം ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ആരൊക്കെ എത്ര നികുതി നൽകണമെന്നതിന്റെ വിവരങ്ങൾ പൊതുവായി ലഭ്യമല്ല. അതേസമയം,

വിദേശ പൗരത്വം നേടിയവർക്കും ചൈനയിൽ നിന്നാണ് പ്രധാനമായും വരുമാനം ലഭിക്കുന്നതെങ്കിൽ നികുതി നിയമം ബാധകമാകുമെന്നാണ് അധികൃതരുടെ നിലപാട്. പുതിയ നിയമത്തിൽനിന്ന് പൂർണമായി ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു. ഐപിഒ രേഖകളും കമ്പനികളുടെ ഏറ്റെടുക്കൽ വിവരങ്ങളും ഉൾപ്പെടെയുള്ള പൊതുരേഖകളുടെ അടിസ്ഥാനത്തിൽ നികുതി ബാധ്യത കണക്കാക്കാൻ അധികൃതർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tax trap for Chinese billionaires: 20% tax on overseas wealth
Next Story