കൊറോണ ഭീതിയിൽ കൂപ്പുകുത്തി വിപണി; സെൻസെക്സ് 1500 പോയിന്റ് ഇടിഞ്ഞു
text_fieldsമുംബൈ: കൊറോണ ഭീതിയിൽ ഓഹരി വിപണിയിലും വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബോംബെ സ്റ്റോക് എ ക്സ്ചേഞ്ച് 1500ഓളം പോയിന്റ് ഇടിഞ്ഞു. നിലവിൽ 1431 പോയിന്റ് ഇടിഞ്ഞ് 36,144ലാണ് സെൻസെക്സ്.
നിഫ്റ്റി 395 പോയിന്റ് ഇടിഞ്ഞ് 10,593ലാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഭീതിയിലായ നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.
ഒ.എൻ.ജി.സി, ഇൻഡസിൻഡ് ബാങ്ക്, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയവക്കാണ് വലിയ നഷ്ടം നേരിട്ടത്.
ഏഷ്യൻ വിപണിയിലാകെ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ടോക്യോ സ്റ്റോക് എക്സ്ചേഞ്ച് തിങ്കളാഴ്ച രാവിലെ 5.1 ശതമാനം ഇടിഞ്ഞു. ഹോങ്കോങ് സ്റ്റോക് എക്സ്ചേഞ്ച് 3.8 ശതമാനം, ആസ്ട്രേലിയ അഞ്ച് ശതമാനം, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മൂന്ന് ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.
