Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർദത്തിൽ റബർ വിപണി

text_fields
bookmark_border
സമ്മർദത്തിൽ റബർ വിപണി
cancel

പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ പിന്നിട്ടവാരത്തിലും കരുത്ത്‌ നിലനിർത്താൻ റബർ ക്ലേശിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ ജാപ്പനീസ്‌ യെന്നിന്റെ മൂല്യം അഞ്ചുമാസത്തെ ഏറ്റവും ദുർബലമായ അവസ്ഥയായ 157.89ലേക്ക്‌ ഇടിഞ്ഞത്‌ വിദേശ നിക്ഷേപകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബർ കയറ്റുമതി രാജ്യങ്ങൾ.

ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിലും സിംഗപ്പൂർ, ചൈനീസ്‌ വിപണികളിലും കഴിഞ്ഞവാരവും റബറിൽ വാങ്ങൽ താൽപര്യം ഉയർന്നില്ല. ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയിലെ തളർച്ച സിന്തറ്റിക്ക്‌ റബർ വിലയെ ബാധിച്ചു. ഇത്‌ സ്വാഭാവിക റബർ വാങ്ങലുകാർക്ക്‌ ആകർഷകമായി മാറ്റുമെന്ന നിഗമനത്തിൽ ടയർ നിർമാതാക്കൾ തിരക്കിട്ടുള്ള ഇറക്കുമതി കരാറുകളിൽ നിന്നും പിൻവലിഞ്ഞതും ഉൽപന്ന വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി. മുൻനിര റബർ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ വില 21,011 രൂപയിൽനിന്നും വാരാന്ത്യം 20,156 രൂപയായി ഇടിഞ്ഞു.

സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 18,900 രൂപയിലും അഞ്ചാം ഗ്രേഡ്‌ 18,500ലും വിപണനം നടന്നു. റബർ കർഷകർ അനുകൂല കാലാവസ്ഥയിൽ ഉൽപാദനം പരമാവധി ഉയർത്താനുള്ള ശ്രമത്തിലാണ്‌.

**********

  • കൊക്കോ ഉൽപാദകരെ മോഹിപ്പിച്ച്‌ ആഗോള വില സർവകാല റെക്കോഡ്‌ തലത്തിലേക്ക്‌ കയറി. കേരളത്തിലെ കർഷകർക്ക്‌ പുതുവർഷം മികച്ച വിലക്ക്‌ കൊക്കോ വിപണിയിലിറക്കാൻ അവസരം ലഭിക്കും. ഐവറി കോസ്‌റ്റിലും ഘാനയിലും വിളവ്‌ ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഡിസംബറിലെ വിലയിലും മൂന്നിരട്ടിയാണ്‌ ചരക്കുക്ഷാമത്തെ തുടർന്ന്‌ കൊക്കോ വില വർധിച്ചത്‌. അന്ന്‌ ടണ്ണിന്‌ 4000 ഡോളറിൽ നിന്നും 12,000 ഡോളറിലേക്ക്‌ ഉൽപന്ന വില കുതിച്ചത്‌ അതിവേഗത്തിലായിരുന്നു. ന്യൂയോർക്കിൽ കൊക്കോ വില 12,973 ഡോളറിലേക്ക്‌ കയറി, ഏപ്രിലിൽ രേഖപ്പെടുത്തിയ 12,256 ഡോളറിലെ റെക്കോഡാണ്‌ കൊക്കോ മറികടന്നത്‌. കേരളത്തിൽ കൊക്കോ കിലോ 750 രൂപയാണ്‌, കഴിഞ്ഞ ഡിസംബറിൽ നിരക്ക്‌ 400 രൂപ മാത്രമായിരുന്നു. ആഭ്യന്തര വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഉൽപന്ന വില 900 നിലവാരത്തിലേക്ക്‌ മുന്നേറാം.
  • ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള നാടൻ കുരുമുളക്‌ നീക്കം കുറഞ്ഞ അവസരത്തിലും അന്തർസംസ്ഥാന വാങ്ങലുകാർ ഉൽപന്ന വില ഇടിച്ചു. ഇതിനിടയിൽ വിളവെടുപ്പിന്‌ കാലതാമസം നേരിടുമെന്ന വിലയിരുത്തൽ മുൻനിർത്തി കർഷകർ ഉൽപന്ന നീക്കം നിയന്ത്രിച്ചു. ആഗോള തലത്തിൽ ഓഫ്‌ സീസണായതിനാൽ അന്താരാഷ്‌ട്ര മാർക്കറ്റിലും കുരുമുളക്‌ താഴ്‌ന്ന വിലക്ക്‌ വിൽപന നടത്താൻ മുൻനിര ഉൽപാദന രാജ്യങ്ങൾ താൽപര്യം കാണിക്കുന്നില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 63,600 രൂപ.
  • വെളിച്ചെണ്ണ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ. വെളിച്ചെണ്ണക്ക്‌ ഡിമാൻഡ്​ ഉയരുന്നത് കണ്ട്‌ മില്ലുകാർ കൊപ്ര കൂടിയ വിലക്ക്‌ ശേഖരിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 21,500 രൂപയിലും കൊപ്ര 14,100 രൂപയിലും ഇടപാടുകൾ നടന്നു.
  • തമിഴ്‌നാട്ടിൽ പച്ചത്തേങ്ങ ലഭ്യത ചുരുങ്ങിയത്​ കൊപ്ര ക്ഷാമം രൂക്ഷമാക്കി. കേരളത്തിൽ ജനുവരിയിൽ നാളികേര സീസണിന്‌ തുടക്കം കുറിക്കും. ഇതിനിടയിൽ കൊപ്രയുടെ താങ്ങുവില കേന്ദ്രം 422 രൂപ ഉയർത്തി 11,582 രൂപയാക്കി.
  • ആഭരണ വിപണികളിൽ സ്വർണ വില താഴ്‌ന്നു. പവൻ 57,120 രൂപയിൽ നിന്നും 56,320ലേക്ക്‌ ഇടിഞ്ഞ ശേഷം ശനിയാഴ്‌ച 56,800 രൂപയായി. ഒരു ഗ്രാം സ്വർണ വില 7100 രൂപ. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസ്‌ സ്വർണം 2622 ഡോളർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rubber market under pressure
Next Story