Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ: 106 ശതകോടി ഡോളർ മൂല്യം ലക്ഷ്യമിട്ട് ജിയോ പ്ലാറ്റ്‌ഫോംസ്

text_fields
bookmark_border
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ: 106 ശതകോടി ഡോളർ മൂല്യം ലക്ഷ്യമിട്ട് ജിയോ പ്ലാറ്റ്‌ഫോംസ്
cancel

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനത്തിലൂടെ (IPO) 10.3 ട്രില്യൺ രൂപ (106 ശതകോടി ഡോളർ) മൂല്യനിർണയം ലക്ഷ്മ്യമിട്ട് ജിയോ പ്ലാറ്റ്‌ഫോംസ്. മെറ്റാ, ഗൂഗ്ൾ എന്നിവ പ്രധാന വിദേശ നിക്ഷേപകരായുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, തങ്ങളുടെ ഓഹരി ഒന്നിന് 1,065 മുതൽ 1,119 രൂപ വരെ വില നിശ്ചയിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധിയിൽ ഐ.പി.ഒ.യിലൂടെ ഏകദേശം 302 ശതകോടി രൂപ (3.1 ശതകോടി ഡോളർ) സമാഹരിക്കാൻ സാധിക്കും. ഇത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐ.പി.ഒ. തുകയെ മറികടക്കും.

ഐ.പി.ഒ. പ്രൈസ് ബാൻഡിന്‍റെയും കമ്പനി മൂല്യനിർണയത്തിന്റെയും വിശദാംശങ്ങൾ ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബറിൽ നടന്ന നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വൻകിട ലിസ്റ്റിങ്ങിന് പിന്നാലെയാണ് ജിയോയുടെ ഐ.പി.ഒ. വരുന്നത്. ഇത് ഇന്ത്യൻ വിപണിയിലെ വലിയ നിക്ഷേപ ഓഫറുകളോടുള്ള നിക്ഷേപകരുടെ താല്പര്യത്തെ അടിവരയിടുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ ഇന്ത്യയിലെ ഐ.പി.ഒ. സമാഹരണ തുക 8.3% വർദ്ധിച്ച് 12.65 ശതകോടി ഡോളറിലെത്തിയെന്ന് എൽ.എസ്.ഇ.ജി ഡാറ്റ വ്യക്തമാക്കുന്നു.

വിജയകരമായ ഒരു ലിസ്റ്റിങ് സാധ്യമായാൽ, മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, എതിരാളികളായ ഭാരതി എയർടെൽ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവക്ക് തൊട്ടുപിന്നിലായി, വിപണി മൂലധനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ നാലാമത്തെ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറും.

ഓഫറിനായുള്ള കരട് രേഖകൾ സമർപ്പിച്ച ജൂൺ മാസത്തിൽ പ്രതീക്ഷിച്ചിരുന്ന 131 ശതകോടി ഡോളറിനേക്കാൾ താഴെയാണ് ഇപ്പോഴത്തെ ഐ.പി.ഒ. മൂല്യനിർണയം. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് കാരണം ദ്വിതീയ വിപണിയിലുണ്ടായ പൊതുവായ തിരുത്തലുകളാണ് കുറഞ്ഞ ഐ.പി.ഒ. വിലനിർണയത്തിന് കാരണമെന്ന് അനലിസ്റ്റുകൾ പറഞ്ഞു. ഇന്ത്യയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികയായ നിഫ്റ്റി 50 ഇതിനുശേഷമുള്ള കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം 6% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി നയിക്കുന്ന ജിയോ, റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസ്സുകളാണ് കൈകാര്യം ചെയ്യുന്നത്. മൊബൈൽ സേവനങ്ങൾ, ഫിക്സഡ് ബ്രോഡ്ബാന്റ്, ക്ലൗഡ്, എന്റർടൈൻമെന്റ്, എന്റർപ്രൈസ് സാങ്കേതികവിദ്യ, എ.ഐ. ഓഫറിംഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തങ്ങളുടെ ടെലികോം ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ വായ്പകൾ തിരിച്ചടയ്ക്കാനോ മുൻകൂട്ടി അടച്ചുതീർക്കാനോ ആയി സമാഹരിക്കുന്ന അറ്റ തുകയിൽ നിന്ന് 275 ശതകോടി രൂപ വരെ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. മാർച്ച് വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ടെലികോം വിഭാഗത്തിന് 52.44 കോടി (524.4 ദശലക്ഷം) ഉപഭോക്താക്കളുണ്ട്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.6% വർധിച്ച് 1.47 ട്രില്യൺ രൂപയായും, ലാഭം 15.1% വർധിച്ച് 300.5 ശതകോടി രൂപയായും ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jio platform
Next Story