Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈൻ തട്ടിപ്പിൽ നിർണായക വിധി: മട്ടന്നൂർ സ്വദേശിനിക്ക് നഷ്ടമായ 3.7 ലക്ഷം രൂപ ബാങ്ക് തിരികെ നൽകണമെന്ന് ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/cmrl-case
cancel

കൊച്ചി: ഓൺലൈൻ ബാങ്കിങ് തട്ടിപ്പിൽ നഷ്ടപ്പെട്ട 3.7 ലക്ഷം രൂപ ബാങ്ക് തിരികെ നൽകാൻ ഹൈകോടതി ഉത്തരവ്. കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ടി.എൽ. രമാദേവിക്ക് 3,73,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) തിരികെ നൽകണമെന്നാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്‍റെ ഉത്തരവ്.

ഹരജിക്കാരിയുടെ അപേക്ഷ തള്ളിയ ബാങ്കിങ് ഓംബുഡ്സ്മാന്‍റെ ഉത്തരവ് റദ്ദാക്കിയ കോടതി, നാലാഴ്ചക്കകം പണം തിരികെ നൽകണമെന്നാണ് നിർദേശം നൽകിയത്.

2019 ജൂലൈ 13ന് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യാജ ഫോൺ സന്ദേശവും കോളും അധ്യാപികക്ക് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എ.ടി.എം കാർഡ് ബ്ലോക്ക് ആകുമെന്നും അത് പുനഃസ്ഥാപിക്കാൻ 'സ്റ്റേറ്റ് ബാങ്ക് സെക്യൂർ ആപ്പ്' ഇൻസ്റ്റാൾ ചെയ്യണമെന്നും വിശ്വസിപ്പിച്ച തട്ടിപ്പുകാരൻ ഒ.ടി.പി കൈക്കലാക്കുകയായിരുന്നു. വേറെയും ഒ.ടി.പി ലഭിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ എന്ന ധാരണയിൽ അധ്യാപിക ഒ.ടി.പി കൈമാറിയതോടെ അക്കൗണ്ടിൽ നിന്ന് 3,73,000 രൂപ അപഹരിക്കപ്പെട്ടു.

തട്ടിപ്പിന് ഇരയായ ഉടൻ തന്നെ അധ്യാപിക ബാങ്കിന്റെ കസ്റ്റമർ കെയറിലും മട്ടന്നൂർ ശാഖയിലും പൊലീസിലും പരാതി നൽകുകയും ഇന്റർനെറ്റ് ബാങ്കിങ് സേവനം മരവിപ്പിക്കുകയും ചെയ്തു. മട്ടന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സന്ദീപ് ബൗറി എന്നയാൾ സ്പൈസ് ഡിജിറ്റൽ വാലറ്റുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയതാണെന്ന് കണ്ടെത്തി. എന്നാൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.

കഷ്ടപ്പെട്ടുണ്ടാക്കിയ പണം തട്ടിപ്പുകാർക്ക് കൈക്കലാക്കാൻ അക്കൗണ്ടുടമ സ്വന്തം ഇഷ്ടപ്രകാരം ഒ.ടി.പിയും പാസ്‌വേഡും നൽകില്ലെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ മുൻവിധി ഉദ്ധരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ തട്ടിപ്പ് നടന്ന് മൂന്ന് പ്രവർത്തിദിനങ്ങൾക്കകം വിവരമറിയിച്ചാൽ അക്കൗണ്ടുടമയ്ക്ക് റിസർവ് ബാങ്കിന്റെ സർക്കുലർ പ്രകാരം ആനുകൂല്യം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

പരാതിക്കാരി തട്ടിപ്പിനിരയായ ഉടൻ തന്നെ വിവരമറിയിച്ചിട്ടും തുക തിരികെ നൽകാനോ തടയാനോ ബാങ്ക് തയാറായില്ലെന്ന് വിലയിരുത്തിയ കോടതി, നാലാഴ്ചയ്ക്കകം നഷ്ടപ്പെട്ട 3.73 ലക്ഷം രൂപ പരാതിക്കാരിക്ക് മടക്കിനൽകാൻ ഉത്തരവിടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HC orders bank to return Rs 3.7 lakh lost in online fraud
Next Story