ചൊരിമണലിൽ ഷമാം വിളയിച്ച് യുവ കർഷകൻ
text_fieldsചാക്കോ ഫിലിപ്പിെൻറ പാടശേഖരത്തിലെ ഷമാം വിളവെടുപ്പ് ഉദ്ഘാടനം എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു
മാരാരിക്കുളം: കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഷമാം വിളയിച്ച് യുവ കർഷകൻ.
വൈവിധ്യ കൃഷിയൊരുക്കി വിപണി കണ്ടെത്തുന്ന എം.ബി.എ ബിരുദധാരി കഞ്ഞിക്കുഴിയിലെ ചാക്കോ ഫിലിപ് ആണ് ഷമാം കൃഷിയിലും തിളങ്ങുന്നത്. തരിശുകിടന്ന കുണ്ടേലാറ്റ് പാടശേഖരത്തിൽ രണ്ടര ഏക്കറിലാണ് കൃഷി ചെയ്തത്.
60 ദിവസം കൊണ്ട് വിളവ് ലഭിക്കുന്ന ഷമാം ചൂടുകൂടിയ സ്ഥലങ്ങളിലാണ് ഉണ്ടാകുന്നത്. ഇവിടെ പരീക്ഷണാടിസ്ഥാനത്തിലാണ് ചാക്കോ കൃഷി ആരംഭിച്ചത്. ഓൺലൈനിലൂടെയാണ് വിത്ത് ശേഖരിച്ചത്. ഡ്രിപ്പ് ഇറിഗേഷൻ വഴിയായിരുന്നു ജലസേചനം. കൃഷി വിജയിച്ചതിനാൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് തീരുമാനം.
വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സന്തോഷ് കുമാർ ഏറ്റുവാങ്ങി. എസ്. ഹെബിൻ ദാസ്, വി.ടി. സുരേഷ് എന്നിവർ പങ്കെടുത്തു.

