കേരളത്തിൽ പച്ചത്തേങ്ങ സംഭരണം ഇന്നാരംഭിക്കും
text_fieldsതിരുവനന്തപുരം: കേരളത്തിൽ പച്ചത്തേങ്ങ സംഭരണം ഇന്നുമുതൽ ആരംഭിക്കും. സർക്കാർ നിശ്ചയിച്ച സംഭരണ വിലയേക്കാൾ വില താഴ്ന്ന സാഹചര്യത്തിലാണ് സംഭരണം നടത്താൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള സംഭരണ കേന്ദ്രങ്ങളിലാണ് കേരഫെഡ് തുടക്കത്തിൽ സംഭരണം ആരംഭിക്കുക. ഇതിനായി ഉദ്യോഗസ്ഥരെ വിന്യസിച്ചു. കൃഷി ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചെറുകിട കർഷകരിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സംഭരണം നടത്തുക. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് കേരഫെഡ് കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരിക്കുക. പച്ചത്തേങ്ങ സംഭരിക്കുമ്പോൾ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിക്കുന്ന രീതിയിലാണ് കേരഫെഡിന്റെ ക്രമീകരണം. പ്രാദേശികമായി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേരഫെഡിന്റെ പ്ലാന്റുകളിൽ സംസ്കരിച്ച് വെളിച്ചെണ്ണയാക്കുകയാണ് ചെയ്യുന്നത്.

